2010 ഏപ്രിൽ 1, വ്യാഴാഴ്‌ച

കരിപ്പം നമ്പൂതിരിയുടെ ഊണ്

കറുത്ത് കുറിയ ശരീരം, നെറ്റിയില്‍ സുലഭമായ ബസ്മക്കുറി, വേളി കഴിക്കാത്ത അമ്പതന്ച്ചുകാരന്‍ ഇതൊക്കെയാണ് കരുപ്പം എന്ന് വിളിക്കുന്ന നീലകണ്ഠന്‍ നമ്പൂതിരിയുടെ രൂപ ഭാവങ്ങള്‍.

കരുപ്പം നമ്പൂതിരി നല്ലൊരു ദേഹണ്ണക്കാരന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ നല്ല ഡിമാണ്ട് ആണ് ...ഇല്ലങ്ങളിലോ , കോവിലകങ്ങളിലോ എവിടെ സദ്യ ഉണ്ടായാലും കരുപ്പം നമ്പൂതിരി മുന്നില്‍ വേണം. രുചിയുള്ള സദ്യയൊരുക്കാന്‍ ഇന്ന് കരുപ്പം നമ്പൂതിരിയെ കവച്ചു വെക്കാന്‍ ആരുമില്ല, ഉണ്ടായിട്ടില്ല. അതുപോലെത്തന്നെ പ്രസിദ്ധമാണ് കരുപ്പത്തിന്റെ ഊണ്. കരുപ്പം ഊണിനിരുന്നാല്‍ വിളമ്പുകാര്‍ തോറ്റുപോകും എന്നൊരു ചൊല്ലുണ്ട്..അത്രയേറെ ഉണ്ണുന്ന ഒരാള്‍ അടുത്തെങ്ങുമില്ല. വിളമ്പുകാര്‍ നിര്‍ത്തിപോകുന്നതല്ലാതെ കരുപ്പം ഒരിക്കലും മതി എന്ന് പറഞ്ഞിട്ടില്ല.

പാചകവിധിയില്‍ തന്റെ ശിഷ്യന്മാരയവര്‍ നിരവധി. കരുപ്പം നമ്പൂതിരിയുടെ ചീത്തവിളി കേള്‍കാത്ത ശിഷ്യന്‍മാര്‍ വിരളം. ഏഭ്യന്‍, വഷളന്‍, കൊശവന്‍ എന്നിങ്ങനെ പോകുന്നു കരുപ്പം നമ്പൂതിരിയുടെ തെറിവിളികള്‍. ദേഷ്യം വരുമ്പോള്‍ തെരിവിളിക്കുമെങ്കിലും ശിഷ്യന്മാരോടെല്ലാം വലിയ സ്നേഹമാണ്.

പ്രധാന ശിഷ്യന്മാരിലോരാളായ മാങ്കുടി സുബ്രന്‍ എന്ന സുബ്രമണ്യന്‍ സ്വയം സദ്യകള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങിയപ്പോള്‍ ഗുരു സന്തോഷിച്ചതേയുള്ളൂ. എന്നാല്‍ സുബ്രന് ഗുരുവിനെ കവച്ചു വെക്കണമെന്നും ആ സിംഹാസനം തന്റെ ഉള്ളം കയ്യില്‍ വെയ്കണം എന്നും ആണ് മോഹം. പലയിടത്തും ഗുരുവിനെ താഴ്ത്തിക്കെട്ടി സംസാരിക്കാനും തുടങ്ങി. ഇതെല്ലം അറിയുന്നുണ്ടായിരുന്നെങ്കിലും കരുപ്പം കുലുങ്ങിയില്ല.

അരീപ്ര എന്ന കോവിലകത്തെ വലിയ തമ്പുരാന്റെ ഷഷ്ടിപൂര്‍ത്തി വലിയ ആഘോഷമായി കൊണ്ടാടുകയാണ്. ഇളമുറതമ്പുരാന്‍ അനിയന്‍ രാജ സദ്യയുടെ ഉത്തരവാദിത്തം സുബ്രനാണ് കൊടുത്തത്...അതില്‍ വലിയ അഹങ്കാരത്തിലായിരുന്നു സുബ്രന്‍. പക്ഷെ ഗുരു ശിഷ്യനെ അഭിനന്ദിക്കുകയും വേണ്ട ഉപദേശങ്ങള്‍ കൊടുക്കുകയും ചെയ്തെങ്കിലും ഒരു പുച്ച ഭാവമായിരുന്നു സുബ്രന്റെ മുഖത്ത്.

പക്ഷെ സദ്യയുടെ ദിവസം അടുത്തപ്പോള്‍ വലിയ തമ്പുരാന്‍ രാമ വര്‍മ പറഞ്ഞു. "അമരത്ത് കരുപ്പം തന്നെ വേണം. എന്നാലെ സദ്യ കേമാവൂ. " അതൊരു വിശ്വാസമാണ്. കരുപ്പം ഒഴികഴിവുകള്‍ പറഞ്ഞതൊന്നും തമ്പുരാന്‍ ചെവിക്കൊണ്ടില്ല. പിറന്നാള്‍ ദിവസം രാവിലെ കരുപ്പം കോവിലകത്തെതിയപ്പോള്‍ കണ്ടത് സുബ്രന്‍ വളരെ നേരത്തെ പാചക കാര്യങ്ങള്‍ തുടങ്ങികഴിഞ്ഞതായിട്ടാണ്. ഗുരുവിന്റെ ചുണ്ടില്‍ ഒരു മന്ദസ്മിതം വിരിഞ്ഞു. കരുപ്പം എത്തിയതും ശിഷ്യന്റെ മുഖം കടന്നല്‍ കുത്തിയതുപോലെയായി.

കരുപ്പം വന്നതോടെ പാചകശാല ഉണര്‍ന്നു.."എന്താ കൊശവാ തോരനില്‍ ഉപ്പു അസാരം കൊറവാണല്ലോ" തോരന്റെ മണമടിച്ചതും കരുപ്പം പറഞ്ഞു. രുചിച്ചു നോക്കിയപ്പോഴേ ശരിയാണെന്ന് സുബ്രന് മനസ്സിലായി...ഇവിടെ ഗുരു വീണ്ടും വലിയ ആളാവുകയാണ്. എന്നാല്‍ ഇളമുറതമ്പുരാന്‍ സുബ്രന്റെ അടുത്തെത്തി ഒരു സ്വകാര്യം പറഞ്ഞു. അവന്റെ മുഖം പ്രസന്നമായി.

വിഭവങ്ങളൊരുങ്ങി വിദ്വാന്മാരോരുങ്ങി സദ്യ തുടങ്ങിഎരിശ്ശേരി, പുളിശ്ശേരി, പപ്പടം, തോരന്‍, സാമ്പാര്‍, കാളന്‍, ഓലന്‍, അവിയല്‍, ഉപ്പ്ലിട്ട മാങ്ങ തുടങ്ങി അട പ്രധമന്റെയും പാല്‍ പായസത്തിന്റെയും ഗന്ധം വായുവില്‍ മുഖരിതമായി
..വിരുന്നെത്തിയവരുടെയും ബന്ധുക്കളുടെയും പന്തി കഴിഞ്ഞു. ഇനി പാചകക്കാരുടെയും മറ്റും ഊഴമാണ്. കരുപ്പം സാധാരണ പോലെ ഉണ്നാനിരുന്നു. ഒരു മത്സരത്തിനെന്ന പോലെ രാമ വര്‍മ തമ്പുരാന്റെ ഇളയ സഹോദരങ്ങളും മറ്റും കരുപ്പത്തിന്നു ചോറും കറികളും മാറി മാറി വിളമ്പിക്കൊണ്ടിരുന്നു.

എവിടെയോ ഒരു ചതിയുടെ മണം ഉള്ളതായി കരുപ്പത്തിനു തോന്നി. എങ്കിലും ഭാവിച്ചില്ല. അണിയറയില്‍ ഒരു കുട്ട നിറയെ ചോറ് മാറ്റി വെച്ചിരുന്നു..വിളമ്പുകാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു..വയറു വീര്‍ത്തു വീര്‍ത്തു ഇലയിലുള്ളത് കാണാതായി കരുപ്പത്തിന്. എന്നിട്ടും കരുപ്പും ഊണ് തുടര്‍ന്ന് കൊണ്ടേയിരുന്നു. ഇപ്പോള്‍ കാണുന്നവര്‍ക്ക് പോലും ശ്വാസം മുട്ടുന്ന പോലെ വയര്‍ വീര്‍ത്തിട്ടുണ്ട്‌. അവസാനം ഇളമുറതമ്പുരാന്റെ ഊഴമായിരുന്നു..കുട്ടയില്‍ ശേഷിച്ച ചോറുമായി അയാള്‍ കരുപ്പതിനു മുന്നിലെത്തി...ഒരുള്‍ ഭയം അയാളെ ഗ്രസിച്ചു..കൈകള്‍ വിറക്കുന്നുണ്ടായിരുന്നു..കാരണം പോട്ടാരായ ബലൂണ്‍ പോലെ വീര്‍ത്തിരിക്കുകയാണ് കരുപ്പത്തിന്റെ വയറ്. അയാള്‍ മടിച്ചു മടിച്ചു ചോദിച്ചു.."കരുപ്പം കൊറച്ചു ചോറൂടെ ആവാം ഇല്ലേ "

അപ്പോള്‍ ഒരു മന്ദസ്മിതത്തോടെ കരുപ്പം പറഞ്ഞു..." ഇലയില്‍ ഇല്യാച്ചാ വെളമ്പിക്കോളൂ ..." കാണുന്നവരെല്ലാം ശ്വാസം പിടിച്ചു നില്‍ക്കുകയാണ്. ശേഷിച്ച ചോറും കറികളും വിളമ്പി... കരുപ്പം ഊണ് തുടരുകയാണ്..അപ്പോഴേക്കും വിവരങ്ങളറിഞ്ഞ് വലിയ തമ്പുരാന്‍ എത്തി..എല്ലാവരെയും കണക്കിന് ശകാരിച്ചു..."കരുപ്പം നമ്മോടു ക്ഷമിക്ക്യാ ...നമ്മുടെ അനിയന്മാരും ആ എമ്പോക്കിയും കൂടി ഒപ്പിച്ച പണ്യാ..." പക്ഷെ കരുപ്പത്തിനു കുലുക്കമില്ല. ഇലയിലുള്ള ചോറും കറികളും എല്ലാം തപ്പി തപ്പിയാണെങ്കിലും വടിച്ചു തിന്നു കഴിഞ്ഞു ...കരുപ്പം എല്ലാവരെയും നോക്കി..."ഇനിയും വിളമ്പുകാരുണ്ടോ...അതോ വിഭവങ്ങള്‍ തീര്‍ന്നോ." ആര്‍ക്കും മറുപടിയില്ല.

കാരണം ചോറും കറികളും തീര്‍ന്നു പോയി. പോരാത്തതിന് വിറഞ്ഞു തുള്ളുന്ന വലിയ തമ്പുരാന്‍. ഓവര്‍ ആയതിന്റെ പ്രയാസം അറിയുന്നുണ്ടായിരുന്നെങ്കിലും ഒന്നും അറിയാത്ത പോലെ കരുപ്പം കൈകുത്തി എണീറ്റ്‌ കൈ കഴുകാനായി പുറത്തെക്കിറങ്ങി. "അവിടന്നു പൊറുക്കണം ...ഞാന്‍ ഒരു തെറ്റ് ചെയ്തു..." ശിഷ്യന്‍ മുന്നില്‍.. കരയാനായ മട്ടാണ്...കരുപ്പത്തിനു എന്തെങ്കിലും പറ്റിയാല്‍ പിന്നെ വലിയ തമ്പുരാന്‍ വച്ചേക്കില്ല.

അപ്പോള്‍ വളരെ നിസ്സങ്കതയോടെ കരുപ്പം പറഞ്ഞു.. "ഏഭ്യന്‍ ഇവിടെ നിക്കാ ...അറിയില്ലേ ഊണ് കഴിഞ്ഞാല്‍ നമുക്ക് രണ്ടു മൂന്നു ചെറുപഴം കൂടി കഴിക്കണംന്ന്.." സുബ്രന്‍ വീണ്ടും ഞെട്ടി.. ഈ അവസ്ഥയില്‍ രണ്ടു പഴം കൂടി കഴിച്ചാല്‍..... അപ്പോള്‍ വീണ്ടും കരുപ്പം തെല്ലുറക്കെ പറഞ്ഞു..".കൊശവാ പോയി എടുത്തിട്ട് വരൂ രണ്ടു ചെറു പഴം." ആ രണ്ടു പഴവും കൂടി വാങ്ങി കഴിച്ചു...ഭാരമുള്ള വയറും താങ്ങി കരുപ്പം നീങ്ങി കോവിലകത്തെ പൂമുഖത്തേക്ക്‌...പൂമുഖത്തെ ഒരു പടിയില്‍ ഇരുന്നു...വലിയ തമ്പുരാനോടൊപ്പം നോക്കി നില്‍ക്കുന്ന ജനങ്ങള്‍ !!

.അപ്പോള്‍ തമ്പുരാനെ നോക്കി കരുപ്പം പറഞ്ഞു " രാമ വര്‍മയുടെ കൂടെയിരുന്നു ഒന്ന് മുറുക്കീട്ട്‌ ശ്ശി കാലായി..ആ വെറ്റില ചെല്ലം ങ്ങട് എടുത്തോളു.." ഒന്നും മുറുക്കുകയും കൂടി ചെയ്തു കരുപ്പം. എന്നിട്ട് ഒരു മൂളിപ്പാട്ടും പാടി..അതിശയത്തോടെ നോക്കി നില്‍ക്കാനേ മറ്റുള്ളവര്‍ക്ക് കഴിഞ്ഞുള്ളൂ !!!